,

ഒരുകിലോ സ്വര്‍ണവും ഒരു കോടി രൂപയും ഇന്നോവ കാറും കോടികളുടെ ഭൂമിയും സ്ത്രീധനമായി കിട്ടിയിട്ടും മതിയായില്ല, റോഷനും അമ്മയും ചേര്‍ന്ന് സല്‍ഷയെ ക്രൂരമായി മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും ജിവനെടുത്തു, വെമ്പായത്ത് ഭര്‍ത്താവിന്റെ പണക്കൊതിമൂലം ജിവനൊടുക്കിയ നവവധുവിന്റെ ദുരന്തം ഇങ്ങനെ

തിരുവനന്തപുരംi: വെമ്പായത്ത് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെമ്പായം ഗാന്ധിനഗര്‍ ജാസ്മിന്‍ മന്‍സിലില്‍ റോഷന്റെ ഭാര്യ സല്‍ഷയെ(20)യാണ് വിവാഹം കഴിഞ്ഞ് 79ാം ദിവസം ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒളിവിലായിരുന്ന റോഷന് (27) ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെ നെടുമങ്ങാട് മജിസ്‌ട്രേറ്റിനു മുന്നില്‍ കീഴടങ്ങുകയാണുണ്ടായത്. കേസിലെ രണ്ടാംപ്രതിയായ ഇയാളുടെ മാതാവ് നസിയത്ത് ഒളിവിലാണ്.

ജൂലായ് 11ന് വൈകുന്നേരം മൂന്നുമണിയോടെയാണ് സല്‍ഷയുടെ മൃതദേഹം കണ്ടത്. സ്ത്രീധനത്തിനായി സല്‍ഷയെ റോഷന്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 23ന് ആറ്റിങ്ങലിന് സമീപമുള്ള തോന്നയ്ക്കലിലെ ആഡംബര ഹാളിലായിരുന്നു ഇവരുടെ വിവാഹം. ഒരു കിലോ സ്വര്‍ണാഭരണം, ഒരു ഇന്നോവാ കാര്‍, കോടികള്‍ വിലയുള്ള ഭൂമി എന്നിവ നല്‍കിയാണ് സല്‍ഷയുടെ വീട്ടുകാര്‍ നിക്കാഹ് നടത്തിയതെന്നും പോലീസ് പറഞ്ഞു.

ആഡംബര പൂര്‍ണ്ണമായിരുന്നു വിവാഹം. സാമ്പത്തികമായി ഉന്നത സ്ഥിതിയിലാണ് റോഷന്റെയും സല്‍ഷയുടേയും കുടുംബം. സല്‍ഷയുടെ മരണത്തിനു പിന്നില്‍ റോഷന്റെ പീഡനമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വലിയ സുഹൃത്ത് ബന്ധങ്ങളുള്ള റോഷന്‍ വിവാഹത്തിന് മുമ്പെന്ന പോലെ കറങ്ങി നടക്കുകയും രാത്രി വൈകി മാത്രം വീട്ടിലെത്തുന്നതും സല്‍ഷയെ വല്ലാതെ വിഷമിപ്പിച്ചു. ഗള്‍ഫില്‍ പിതാവിനൊപ്പം ബിസിനസ് രംഗത്തുണ്ടായിരുന്നപ്പോഴും റോഷന്‍ സുഖലോലുപതയ്ക്ക് നടുവിലായിരുന്നു.

കോടികളാണ് സ്ത്രീധനം എന്ന പേരില്‍ ഷാനവാസ് തന്റെ മരുമകന് നല്‍കിയത്. ഒരു കിലോ സ്വര്‍ണം, ഇന്നോവ കാര്‍, കോടികള്‍ വില മതിക്കുന്ന ഭൂമി ഇവയെല്ലാം നല്‍കിയിട്ടും റോഷന്റെയോ വീട്ടുകാരുടയോ മനസ് നിറഞ്ഞില്ല. മധുവിധുനാളുകള്‍ മായുംമുന്‍പ് റോഷന്റെയും വീട്ടുകാരുടെയും സ്വഭാവത്തില്‍ കാര്യമായ മാറ്റം വന്നു. സല്‍ഷ ചെയ്യുന്നത് എന്തും അവര്‍ക്ക് കുറ്റമായി തോന്നുവാന്‍ തുടങ്ങി. ഭര്‍ത്താവ് മാത്രമല്ല അയാളുടെ മാതാവും സല്‍ഷയെ മാനസികമായി ദ്രോഹിക്കുവാന്‍ തുടങ്ങി. ഇതാണ് മരണ കാരണവും. സുഖസൗകര്യങ്ങള്‍ കൊണ്ട് നിറഞ്ഞ ആ വീട്ടില്‍ പല ദിവസങ്ങളും സല്‍ഷ പട്ടിണിയില്‍ ആയിരുന്നു.

 

റോഷന്റെ ഈ അവഗണന സല്‍ഷക്ക് സഹിക്കാനായില്ല. ഇതിനിടയില്‍ സ്ത്രീധനത്തെച്ചൊല്ലിയും റോഷനും ബന്ധുക്കളും സല്‍ഷയോട് കലഹം തുടങ്ങി. സ്വന്തം വീട്ടില്‍ പോകണമെന്ന ആഗ്രഹത്തിനും റോഷന്‍ വിലക്കേര്‍പ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു. സല്‍ഷ ഇക്കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്നും മറച്ചെങ്കിലും അടുത്ത സുഹൃത്തായ യുവതിയോട് താന്‍ അനുഭവിക്കുന്ന വേദന പങ്കുവച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഒറ്റനോട്ടത്തില്‍ ആത്മഹത്യയെന്ന് തോന്നുംവിധത്തിലാണ് മൃതദേഹം കാണപ്പെട്ടതെങ്കിലും വീട്ടുകാരും നാട്ടുകാരും സംശയം ഉന്നയിച്ച സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

മകള്‍ അകാരണമായി ആത്മഹത്യ ചെയ്യില്ലെന്നാണ് സല്‍ഷയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. അവളെ ആരെങ്കിലും അപായപ്പെടുത്തിയതോ ശാരീരികമാനസിക പീഡനം സഹിക്കാനാകാതെ മരണംവരിച്ചതോ ആകാമെന്നാണ് അവരുടെ നിഗമനം. ടോപ്പും പാന്റും ധരിച്ച് കട്ടിലില്‍ കാല്‍പാദം മുട്ടി നില്‍ക്കുന്ന നിലയിലായിരുന്നു സല്‍ഷയുടെ മൃതദേഹം. ആത്മഹത്യാക്കുറിപ്പോ ജീവനൊടുക്കുന്നതിന്റെ സൂചനകളോ മാതാപിതാക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ നല്‍കാതെ സല്‍ഷ മരണത്തിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%